
തിരുവനന്തപുരം:എം.ബി.ബി.എസ് ബിരുദം നേടി കൊവിഡ് കാലത്ത് ജീവൻരക്ഷാ പ്രവർത്തനങ്ങളിൽ മുൻനിരയിലുണ്ടായിരുന്ന ഒരു ഡോക്ടർ, പിന്നീട് സിവിൽ സർവീസിലൂടെ പൊലീസ് യൂണിഫോമിലേക്ക്. ഒടുവിൽ സ്വാതന്ത്ര്യദിന പരേഡിന്റെ കമാൻഡറായി മുഖ്യമന്ത്രിക്ക് സല്യൂട്ട് നൽകി ചരിത്രമെഴുതിയിരിക്കുകയാണ് എ.എസ്.പി ഡോ. ഒ.അപർണ. പൊലീസ് സബ് ഇൻസ്പെക്ടറായ അച്ഛൻ അനിൽകുമാറിന്റെ കാക്കിയോടുള്ള ഇഷ്ടമാണ് അപർണയെയും സിവിൽ സർവീസിലേക്ക് നയിച്ചത്.
പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ അപർണ, പി.ജി ഉപേക്ഷിച്ചാണ് പൊലീസ് സേവനത്തിലേക്ക് ചുവടുമാറ്റിയത്. ആദ്യ ശ്രമത്തിൽ തന്നെ 475-ാം റാങ്ക് നേടി മലപ്പുറത്തുനിന്നുള്ള ആദ്യ ഐ.പി.എസുകാരിയെന്ന ബഹുമതിയും ഈ മിടുമിടുക്കി സ്വന്തമാക്കി. കോവിഡ് കാലത്ത് 'ജനകീയ ഡോക്ടർ' എന്ന പേരെടുത്ത അപർണ, ദിവസേന എട്ടുമണിക്കൂർ നീണ്ടുനിന്ന ഓൺലൈൻ പഠനത്തിലൂടെയാണ് സിവിൽ സർവീസ് വിജയം കൈവരിച്ചത്.
ജമ്മു കശ്മീരിൽ സൈനികർക്കൊപ്പമുള്ള പരിശീലനവും പൂർത്തിയാക്കിയ അപർണ, നിലവിൽ പുത്തൻകുരിശിൽ എ.എസ്.പിയായി സേവനം അനുഷ്ഠിക്കുകയാണ്. സ്ത്രീകൾ സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷി നേടുന്നതാണ് യഥാർത്ഥ സ്വാതന്ത്ര്യമെന്നും, വിദ്യാഭ്യാസവും ജോലിയുമാണ് പെൺകുട്ടികളുടെ ഏറ്റവും വലിയ കരുത്തെന്നും അവർ ഓർമ്മിപ്പിക്കുന്നു. അമ്മ കെ.ഷീബയും സഹോദരി മാളവികയും അടങ്ങുന്ന കുടുംബത്തിന്റെ പൂർണ്ണ പിന്തുണയാണ് ഈ നേട്ടത്തിന് പിന്നിലുള്ളത്.










